കെ.യു.ആര്‍.ടി.സി കട്ടപ്പുറത്തേക്ക്‌

പത്തനംതിട്ട : ഒരു കോടി രൂപ വില വരുന്ന എ.സി. ലോഫ്‌ളോര്‍ ജന്റം ബസുകള്‍, കെ.യു.ആര്‍.ടി.സിക്കു സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെ കട്ടപ്പുറത്തേക്ക്‌. അമ്പതോളം പുത്തന്‍ എ.സി. ലോഫ്‌ളോര്‍ ബസുകളാണ്‌ സംസ്‌ഥാനമൊട്ടാകെ കട്ടപ്പുറത്തു കയറിയത്‌. എന്‍ജിനും മറ്റും തകരാറിലായതല്ല പല ബസുകളും കട്ടപ്പുറത്താകാന്‍ കാരണം. നഷ്‌ടമായ റിയര്‍വ്യൂ മിററിനു പകരം വാങ്ങാന്‍ പണമില്ലാത്തതാണ്‌ ഇവയില്‍ പലതിനെയും കട്ടപ്പുറത്താക്കിയത്‌.
അമ്പതോളം എ.സി. ലോഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്തായതോടെ കേരളാ അര്‍ബര്‍ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ പ്രതിദിനനഷ്‌ടം ലക്ഷങ്ങളായി. ഒരു എ.സി. ലോഫ്‌ളോര്‍ ബസില്‍നിന്നുള്ള ശരാശരി ദിവസവരുമാനം 25,000 രൂപയാണ്‌. ബസുകള്‍ വാങ്ങിയപ്പോള്‍ വോള്‍വോ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ വാറന്റിയുടെ ആനുകൂല്യത്തില്‍ ഇവയുടെ അറ്റകുറ്റപ്പണി നടത്താമായിരുന്നു. ഇതും ചെയ്‌തിട്ടില്ലെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ നല്‍കുന്ന സൂചന.
പത്തനംതിട്ട ഡിപ്പോയില്‍ പത്തനംതിട്ട-തിരുവനന്തപുരം റൂട്ടിലോടുന്ന ജെ.എന്‍. 408, പത്തനംതിട്ട-തിരുവല്ല-പുനലൂര്‍ റൂട്ടിലോടുന്ന ജെ.എന്‍. 342, കോട്ടയം-പത്തനംതിട്ട-പുനലൂര്‍ റൂട്ടിലോടുന്ന ജെ.എന്‍. 379 എന്നീ ലോഫ്‌ളോര്‍ ബസുകളാണ്‌ കട്ടപ്പുറത്തുള്ളത്‌. റിയര്‍വ്യൂ മിറര്‍ ഇല്ലാത്തതാണ്‌ കാരണം. മൂന്നു ബസുകള്‍ക്ക്‌ റിയര്‍വ്യൂ മിറര്‍ വാങ്ങണമെങ്കില്‍ 30,000 രൂപ വേണം. ഒരു മിററിന്‌ 5000 രൂപയാണ്‌ വില. ഒരു ബസിന്‌ രണ്ടു മിറര്‍ വേണം. ഇവ പൊതുവിപണിയില്‍ ലഭ്യമല്ല. ബസിനു തകരാര്‍ സംഭവിച്ചാല്‍ എറണാകുളത്തുള്ള വോള്‍വോ സര്‍വീസ്‌ സ്‌റ്റേഷനിലാണ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌.
മെട്രോ നഗരങ്ങളില്‍ സര്‍വീസ്‌ നടത്തുന്നതിനാണ്‌ കേന്ദ്രനഗരവികസന കാര്യമന്ത്രാലയം ജന്റം (ജവാഹര്‍ ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍) ബസുകള്‍ വിവിധ സംസ്‌ഥാനങ്ങള്‍ക്ക്‌ അനുവദിച്ചത്‌. വോള്‍വോ കമ്പനിയുടെ ഒരു ബസിന്റെ വില ഒരു കോടി രൂപയാണ്‌. ഇതിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്‌. കേരളത്തിനു കേന്ദ്രം നല്‍കിയത്‌ ഇത്തരം 500 ബസുകളാണ്‌. ഇവയില്‍ എ.സി/നോണ്‍ എ.സി. ബസുകളുണ്ട്‌. ഇതിന്റെ നടത്തിപ്പിനായി രൂപീകരിച്ചതാണ്‌ കെ.യു.ആര്‍.ടി.സി.
മെട്രോനഗരങ്ങളില്‍ കുണ്ടും കുഴിയുമില്ലാത്ത പ്രതലങ്ങളിലൂടെമാത്രം സര്‍വീസ്‌ നടത്തേണ്ട ബസുകള്‍ കേരളത്തില്‍ ഓടിച്ചതു തകര്‍ന്ന റോഡിലൂടെയാണ്‌. മോശം റോഡിലൂടെയുള്ള യാത്രയാണ്‌ ഈ ബസുകള്‍ക്കു തിരിച്ചടിയായത്‌. അതേസമയം, മെട്രോനഗരങ്ങളില്‍ ഓടുന്ന ജന്റം ബസുകള്‍ക്കു കുഴപ്പമില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കെ.എസ്‌.ആര്‍.ടി.സിയുടെ ആയിരത്തോളം ബസുകളാണ്‌ കട്ടപ്പുറത്തായത്‌. പകരം നിരത്തിലിറക്കാന്‍ പുതിയ ബസുകള്‍ ഇല്ലാതെ വന്നപ്പോള്‍ എ.സി. ലോഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ഉപയോഗിച്ചു. പരിതാപകരമായ നിലയിലുള്ള എം.സി. റോഡിലൂടെയും ഹൈവേകളിലൂടെയും കുണ്ടും കുഴിയും താണ്ടി പാഞ്ഞ ബസുകളാണ്‌ ഇപ്പോള്‍ കട്ടപ്പുറത്തായിരിക്കുന്നത്‌. ഈ രീതിയില്‍ സര്‍വീസ്‌ തുടര്‍ന്നാല്‍ രണ്ടു കൊല്ലത്തിനകം അവയെല്ലാം കട്ടപ്പുറത്താകും.
വാറന്റി കാലയളവിലുള്ള അറ്റകുറ്റപ്പണിക്കു കൂടുതല്‍ തുക ചെലവാകില്ല എന്ന കാര്യവും അധികൃതര്‍ അറിഞ്ഞമട്ടില്ല. ദിവസേന ശരാശരി വരുമാനം 30,000-50,000 ഇടയ്‌ക്കുള്ള ബസുകളും കട്ടപ്പുറത്താകുന്നുണ്ട്‌. ബസിനെന്തെങ്കിലും കുഴപ്പം വന്നാല്‍ ജീവനക്കാരില്‍നിന്നു നഷ്‌ടപരിഹാരം ഈടാക്കുന്ന പതിവും കോര്‍പ്പറേഷനുണ്ട്‌. ഇവിടത്തെ റോഡിന്‌ ഇണങ്ങാത്ത ജന്റം ബസുകളില്‍ ജോലി ചെയ്യാന്‍ ഇതുകാരണം ഡ്രൈവര്‍മാര്‍ മടിക്കുകയാണ്‌.
MANGLAM
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: